Thursday, October 6, 2016

വേലിപ്പടർപ്പിൽ ഒറ്റയിതൾക്കണ്ണി-
ലൊരാകാശച്ചീന്തുമായ് നിൽക്കും
ശംഖുപുഷ്പത്തിൻ നീൾമിഴിയിലിന്നു കണ്ടു
അലിയുന്ന നോവും അടങ്ങാത്ത കടലും...
"പൂവ് കരയുമോ..?"
പണ്ടേതോ പെൺകിടാവ് തൊടുത്തുവിട്ട
ചോദ്യത്തിനുത്തരം...
ഇമയിതൾത്തുമ്പിലുറഞ്ഞു നിൽക്കും
രണ്ടു ഹിമകണങ്ങൾ..

പൊളളുന്ന വെയിലിൽ
ഒരു ചന്ദ്രാകാശത്തെ നെഞ്ചിലണിഞ്ഞ
കുഞ്ഞുപൂവ് നീ.
കുളിർനിശകൾ ചൂടാത്ത പൂവ്..
തിളച്ച മണ്ണിൽ,
വെയിലിൻ മടിയിൽ
ഒരു നിഴലുപോൽ നീയെന്തിന് വിടർന്നു..?
വാനിലേയ്ക്കിറ്റു നോക്കി നിൽക്കേ
നിനവിൻ നനവ് നിൻ കവിളിലാടുന്നു.
ഞെട്ടറ്റ് വീഴാനിനി ഒരു കാറ്റിൻ ദൂരം മാത്രം..
എന്നിട്ടും പൂവേ,
നീയും കരയുകയോ?
ഇനിയും...?

Saturday, September 17, 2016


നമ്മൾ
നഖങ്ങൾ നീട്ടിക്കൂര്‍പ്പിച്ച്
പരസ്പരം മുറിവേല്പിച്ചവര്‍...
തിണര്‍ത്തു,കറുത്തുണങ്ങാത്ത
ചോരയിൽ നോക്കി ആര്‍ത്തു ചിരിച്ചവര്‍..
മഴക്കാലങ്ങളിൽ വഴികൾ നഷ്ടപെട്ട്
കലങ്ങിയോടിയ നീര്‍ച്ചാലുകൾ...
വെയിൽ വഴികളിൽ പ്രതാപം
മങ്ങിയെരിഞ്ഞ വഴിവിളക്കുകൾ..
കാലത്തിന്റെ ഭ്രമണപഥങ്ങളിൽ
കൂടുകള്‍ ദ്രവിച്ചു പതിച്ച പേരറിയാപ്പക്ഷികള്‍..


നമ്മൾ
ദുരന്തരാത്രികളുടെ മറുപുറങ്ങളിൽ
നിവര്‍ത്തിയിട്ട പനിക്കിടക്കകൾ....
അജ്ഞതയുടെ  അററത്തെ വെളിപാടുകളിൽ
കണ്ണടച്ചു കിടന്ന നഗ്നശരീരങ്ങൾ....
അത്താഴപ്പാത്രങ്ങൾ ഭ്രഷ്ട് കല്പിച്ച
അഴുക്ക് പുരണ്ട കൈത്തലങ്ങൾ...
സ്വപ്ന-സമസ്യകളുടെ കനല്‍പ്പാളികളിലുരുകി-
യുണര്‍ന്ന് സ്വയം പുരത്തേക്ക് വലിച്ചെറിഞ്ഞവര്‍ ...
നമ്മൾ
നിയോഗങ്ങൾ....
ഉണ്മകള്‍ ഉന്മാദങ്ങളിലെന്ന്
ഉറക്കെപ്പറയാന്‍ പിറന്നവര്‍...